International
ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷേക്ക് ഹസീനയെ ഇന്ത്യയിൽനിന്ന് നാടുകടത്തണമെന്ന ആവശ്യവുമായി ബംഗ്ലാദേശിലെ മുഹമ്മദ് യൂനസ് സർക്കാർ വീണ്ടും കേന്ദ്രസർക്കാരിനു കത്തയച്ചു. ബംഗ്ലാദേശിലെ ഇന്റർനാഷണൽ ക്രൈംസ് ട്രബ്യൂണൽ (ഐസിടി-ബിഡി) ഷേക്ക് ഹസീനയ്ക്കു വധശിക്ഷ വിധിച്ചിരുന്നു. വെള്ളിയാഴ്ചയാണ് ഇന്ത്യക്ക് കത്തയച്ചതെന്ന് വിദേശകാര്യ ഉപദേശകൻ തൗഹിദ് ഹസനെ ഉദ്ധരിച്ച് ബംഗ്ലാദേശ് ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ 17നാണ് 78 കാരിയായ ഹസീനയ്ക്കു ബംഗ്ലാദേശ് കോടതി വധശിക്ഷ വിധിച്ചത്. ബംഗ്ലാദേശിലെ ആഭ്യന്തരയുദ്ധത്തിനിടെ നടത്തിയ കുറ്റകൃത്യങ്ങളുടെ പേരിലാണു നടപടിയെന്നു കോടതി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞവർഷം ഓഗസ്റ്റിൽ നടന്ന പ്രക്ഷോഭത്തിലാണ് ഷേക്ക് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് സർക്കാർ അധികാരഭൃഷ്ടരായത്. ഇതോടെ ഷേക്ക് ഹസീന ഇന്ത്യയിലേക്കു പലായനം ചെയ്യുകയായിരുന്നു.
National
ന്യൂഡൽഹി: തനിക്ക് വധശിക്ഷ വിധിച്ച അന്താരാഷ്ട്ര കുറ്റകൃത്യ ട്രിബ്യൂണലിന്റെ വിധി പക്ഷപാതപരവും രാഷ്ട്രീയ പ്രേരിതവുമെന്ന് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന.
ജനാധിപത്യപരമായ അധികാരമില്ലാത്ത ഒരു വ്യാജ ട്രിബ്യൂണലാണ് ഈ വിധി പുറപ്പെടുവിച്ചത്. കുറ്റാരോപണങ്ങൾ പൂർണമായും നിഷേധിക്കുന്നുവെന്നും വിചാരണ മുൻകൂട്ടി നിശ്ചയിച്ച നാടകമായിരുന്നുവെന്നും ഷെയ്ഖ് ഹസീന ആരോപിച്ചു.
കോടതിയിൽ സ്വയം പ്രതിരോധിക്കാൻ ന്യായമായ അവസരം ലഭിച്ചില്ല. ഇഷ്ടമുള്ള അഭിഭാഷകരെ വച്ച് വാദിക്കാൻ പോലും സാധിച്ചില്ല. ലോകത്തിലെ ഒരു യഥാർഥ നിയമജ്ഞനും ബംഗ്ലാദേശ് ഐസിടിയെ അംഗീകരിക്കില്ലെന്നും ഹസീന വ്യക്തമാക്കി.
മുഹമ്മദ് യൂനുസ് ഭരണഘടനാ വിരുദ്ധമായും ഭീകരവാദ ശക്തികളുടെ പിന്തുണയോടെയുമാണ് അധികാരം പിടിച്ചെടുത്തത്. യൂനിസിന്റെ ഭരണത്തിൻ കീഴിൽ വിദ്യാർഥികൾ, വസ്ത്രനിർമാണ തൊഴിലാളികൾ, ഡോക്ടർമാർ, അധ്യാപകർ എന്നിവരുടെ പ്രതിഷേധങ്ങളെ ക്രൂരമായ രീതിയിൽ അടിച്ചമർത്തി.
സമാധാനപരമായി പ്രകടനം നടത്തിയവരെ വെടിവച്ച് കൊന്നു. മാധ്യമപ്രവർത്തകർ പീഡനവും ഉപദ്രവവും നേരിട്ടുവെന്നും അവർ ആരോപിച്ചു.
അതേസമയം, നിഷ്പക്ഷമായ ഒരു അന്താരാഷ്ട്ര വേദിയിൽ വിചാരണ നേരിടാൻ തയാറാണെന്ന് ഹസീന വ്യക്തമാക്കി. തെളിവുകൾ ന്യായമായി വിലയിരുത്താനും പരിശോധിക്കാനും കഴിയുന്ന ഒരു ശരിയായ ട്രിബ്യൂണലിൽ ആരോപകരെ നേരിടാൻ തനിക്ക് ഭയമില്ലെന്ന് അവർ കൂട്ടിച്ചേർത്തു.
International
ധാക്ക: ബംഗ്ലാദേശിൽ നടന്ന സർക്കാർ വിരുദ്ധ കലാപം അടിച്ചമർത്തിയ കേസിൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ. ദി ഇന്റർനാഷനൽ ക്രൈംസ് ട്രൈബ്യൂണൽ ഓഫ് ബംഗ്ലദേശാണ് (ഐസിടി-ബിഡി) ശിക്ഷ വിധിച്ചത്.
ഈ വർഷം ഓഗസ്റ്റ് മൂന്നിനാണ് ഷെയ്ഖ് ഹസീനയെ വിചാരണ ചെയ്യാൻ പ്രത്യേക ട്രൈബ്യൂണൽ അനുമതി നൽകിയത്. ഹസീനയുടെ അഭാവത്തിലും കൂട്ടക്കൊല, പീഡനം തുടങ്ങി അഞ്ച് കുറ്റകൃത്യങ്ങൾ ചുമത്തിയാണ് വിചാരണ നടന്നത്.
ഷെയ്ഖ് ഹസീന അധികാരം ഉപയോഗിച്ച് മാനവികതയ്ക്ക് മേല്‍ ആക്രമണം നടത്തിയതായി കോടതി വിലയിരുത്തി. പ്രക്ഷോഭകാരികള്‍ക്ക് മേല്‍ മാരകായുധങ്ങള്‍ പ്രയോഗിക്കാന്‍ ഉത്തരവിട്ടു. വിദ്യാര്‍ഥികള്‍ക്ക് നേരെ ഉണ്ടായ വെടിവയ്പ്പിനെ കുറിച്ച് ഹസീനയ്ക്ക് അറിവുണ്ടായിരുന്നു എന്നും കോടതി വിലയിരുത്തി.
ഹെലികോപ്റ്റര്‍ ഉപയോഗിച്ച് പ്രതിഷേക്കാര്‍ക്ക് നേരെ ആക്രമണം നടത്താന്‍ ഷെയ്ഖ് ഹസീന നിര്‍ദേശിച്ചു. പോലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ട അബു സയ്യിദ് എന്ന വിദ്യാര്‍ഥിയുടെ മൃതദേഹ പരിശോധനാ റിപ്പോര്‍ട്ട് ഡോക്ടര്‍മാരെ ഭീഷണിപ്പെടുത്തി തിരുത്തല്‍ നടത്തിയതിനു തെളിവുണ്ടെന്നും കോടതി പറഞ്ഞു. മുന്‍ ആഭ്യന്തരമന്ത്രി അസദുസ്മാന്‍ ഖാന് കമല്‍, പോലീസ് ഐജി ചൗധരി അബ്ദുല്ല അല്‍ മാമുന് എന്നിവരും കേസുകളില്‍ പ്രതികളാണ്.
ഷെയ്ഖ് ഹസീന ഇപ്പോൾ കഴിയുന്നത് ഇന്ത്യയിലാണ്. ശിക്ഷാവിധിക്കു പിന്നാലെ ബംഗ്ലാദേശിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
International
ധാക്ക: മുൻ പ്രധാനമന്ത്രി ഷേഖ് ഹസീനയ്ക്കെതിരായ കേസിൽ 17ന് വിധി പറയുമെന്ന് ബംഗ്ലാദേശിലെ അന്താരാഷ്ട്ര ക്രൈം ട്രൈബ്യൂണൽ (ഐസിടി).
ആഭ്യന്തര കലാപത്തെത്തുടർന്ന് നാടുവിട്ട ഹസീനയുടെ അസാന്നിധ്യത്തിലാണു കോടതി വിചാരണ പൂർത്തിയാക്കിയത്. കലാപവുമായി ബന്ധപ്പെട്ട് മനുഷ്യത്വത്തിനെതിരായി പ്രവർത്തിച്ചെന്ന കുറ്റം ചുമത്തിയാണു കേസെടുത്തത്.
പുറത്താക്കപ്പെട്ട അവാമി ലീഗ് സർക്കാരിലെ ആഭ്യന്തരമന്ത്രി അസദുസമാൻ ഖാൻ കമൽ, അന്നത്തെ പോലീസ് മേധാവി ചൗധരി അബ്ദുല്ല അൽ-മാമുൻ എന്നിവരെയും ട്രൈബ്യൂണൽ വിചാരണ ചെയ്തു. നാടുവിട്ട അസദുസമാൻ ഖാൻ കമലിനെയും ഹസീനയെയും കോടതി പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചിരുന്നു.